Saturday, August 21, 2010

നീളുന്ന രാവ്




പ്രത്യയശാസ്ത്രത്തിന്റെ നീറുന്ന ആലയില്‍
മൂപ്പിച്ചെടുത്ത മസ്തിഷ്കമുണ്ടെന്‍കിലും
നിഷ്ക്രിയ യുവതയ്കുഭിമാനമാകാന്‍
നാവിനെ ഞാന്‍ വിലങ്ങു വെച്ചു.

ഭിക്ഷയെടുത്തിടും കുചേലരെക്കാള്‍
ഭ്രാന്തിളകിയ ഫോര്‍ത്തെസ്റ്റേറ്റിനിഷ്ടം 
കുബേര പുത്രന്റെ ലീലാവിലാസങ്ങള്‍ 
ആള്‍ദൈവങ്ങള്‍ക്കുമവരുടെ  സ്തോത്രം. 
  
ആത്മീയതയുടെ വഴിയമ്പലങ്ങളില്‍ 
നിന്നായ് മൂല്യത്തിന്‍ വാണിഭക്കാരെ
ചാട്ടവാറിനിട്ടടിക്കുവാനായ് നവ-
യേശുവിന്നുയിര്‍ത്തെഴുന്നേല്കുമോ?
 
 വികലരാം മനുഷ്യന്റെ കാഴ്ച മടുത്തപ്പോള്‍ 
വായനക്കായ് വാരിക തുറന്ന ഞാന്‍ 
ഇടിവെട്ടേററ് നിന്നു പോയ്‌,നോക്കിയപ്പോള്‍ 
നഗ്നനാരിയും സുന്ദരിക്കോതയും!!

അടര്‍ന്ന് വീഴുന്ന ചുവരുകളിന്മേല്‍ 
വലിഞ്ഞു കയറിയിരിക്കും ദൈവങ്ങളേ
കേളന്മാരേ, നിങ്ങളറിഞ്ഞതില്ലയോ
മാനവികതയുടെ പാലം കുലുങ്ങുന്നു..    

Friday, August 20, 2010

പാവക്കൂത്ത്



ഗോര്‍ക്കിയുടെ 'അമ്മ'യെ പരിചയപ്പെട്ടത് 
മുതല്കാണ് ഒന്നാമന്‍ വിമോചനം
സ്വപനം കണ്ടു തുടങ്ങിയത്

ഹിന്ദുത്വം അതിശ്രേഷ്ഠമെന്ന ബോധോദയം
തൊട്ട് രണ്ടാമന്‍ കാക്കി-
ട്രൗസറണിഞു തുടങ്ങി

കോണി കയറിയാല്‍ സ്വര്‍ഗത്തിലെത്തുമെന്ന് 
കേട്ടപ്പോള്‍ മൂന്നാമന് പച്ചപ്പ് 
ആകര്‍ഷകമായി തോന്നി

ഇവന്‍ നിന്റെ  വഴിയിലെ മുള്ളെന്ന്
നേതാവ് പറഞപ്പോഴാണ് അവര്‍
അന്യോന്യം വാളോങ്ങിയത്

അധികാരിയുടെ മുറിയില്‍ ചര്‍ച്ചയും
അണ്ടിപരിപ്പും കഴിഞ്ഞപ്പോള്‍ നേതാക്കള്‍
കയ്യ് കൊടുത്ത് പിരിഞ്ഞു 

അടുത്തടുത്ത ടേബിളില്‍ കിടക്കുമ്പോഴും
അവരുടെ മുഖത്തു ജീവിതസാഫല്യം
നിറഞ്ഞിരുന്നു